എല്ലുകൾ കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

പൊന്നാനി: ഭാരതപ്പുഴയോരത്ത് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മരിച്ചത് എടപ്പാൾ പൊൽപ്പാക്കര സ്വദേശി ആനംകുന്നത്ത് തുപ്രൻ (80) ആണെന്ന് പോലീസ് അറിയിച്ചു.


ചൊവ്വാഴ്ചയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ ചമ്രവട്ടം പാലത്തിനുതാഴെയുള്ള കലുങ്കിനു സമീപത്ത് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകൾ കണ്ടെത്തിയത്. എല്ലിനൊപ്പം ലഭിച്ച തുടയെല്ലിലെ സ്റ്റീൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചിരുന്നു. ഇത് അന്വേഷണത്തിനു സഹായകമായി.

പോലീസ് പറയുന്നതിങ്ങനെ: മൂന്നുവർഷം മുൻപ്‌ മരിച്ച എടപ്പാൾ പൊൽപ്പാക്കര സ്വദേശി തുപ്രന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു. തുടർന്ന് വീട് ഭാഗംവെച്ചപ്പോൾ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് വീടുനിർമാണത്തിനായി മക്കൾ കുഴിയെടുത്തിരുന്നു. ഇവിടെനിന്നു ലഭിച്ച എല്ലിൻ കഷണങ്ങൾ തിരുനാവായയിലും ചമ്രവട്ടത്തും ഫെബ്രുവരി രണ്ടിന്‌ ഉപേക്ഷിക്കുകയുംചെയ്തു. ചമ്രവട്ടം പാലത്തിനുസമീപം പുഴയിൽ ഒഴുക്കിയ എല്ലുകളാണ് കരയിലടിഞ്ഞത്.വീണതിനെത്തുടർന്ന് തുടയെല്ല് പൊട്ടിയപ്പോഴാണ് തുപ്രന്‌ ശസ്ത്രക്രിയ നടത്തിയതും തുടയെല്ലിൽ സ്റ്റീൽ വെച്ച് പിടിപ്പിച്ചതുമെന്ന് പൊന്നാനി സി.ഐ മഞ്ജിത്‌ലാൽ പറഞ്ഞു.