ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി.

തിരൂർ: മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗവും ഫിഷറീസ്‌ ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മിന്നൽപരിശോധന നടത്തി. മാർക്കറ്റിനുമുന്നിൽ കൊണ്ടുവന്ന സഞ്ചരിക്കുന്ന ലബോറട്ടറിയിൽ സാമ്പിളെടുത്ത മീനുകൾ പരിശോധന നടത്തി.

 

പരിശോധനയിൽ എട്ടുകിലോ കൂന്തൾ, 26 കിലോ ചെമ്മീൻ എന്നിവയിൽ ഫോർമാലിൻ ചേർത്തതായി കണ്ടെത്തി. പഴകിയ 10 കിലോ പപ്പൻസ് മീനും പിടികൂടി. പിടിച്ചെടുത്ത മീൻ നഗരസഭാ ആരോഗ്യവിഭാഗം പൊറ്റിലാത്തറ മാലിന്യസംസ്കരണ കേന്ദ്രത്തിൽ കൊണ്ടുപോയി നശിപ്പിച്ചു.

പരിശോധനയ്ക്ക് തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ ബിബി മാത്യു, പരപ്പനങ്ങാടി മത്സ്യഭവനിലെ ഫിഷറീസ് അസിസ്റ്റന്റ്‌ എക്സ്‌റ്റൻഷൻ ഓഫീസർ വി. ബിസ്‌ന, താനൂർ മത്സ്യഭവൻ ഫിഷറീസ് ഓഫീസർ ടി. ഇബ്രാഹിംകുട്ടി, തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഖാലിദ്, കെ.പി. സലീം എന്നിവർ നേതൃത്വംനൽകി.