പിഎസ്‌സി അട്ടിമറി നടത്തി ചെറുപ്പക്കാരെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ; പികെ കുഞ്ഞാലിക്കുട്ടി.

കൊച്ചി: യുഡിഎഫ് കേരളത്തില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ ഓരോ ദിവസം കഴിയും തോറും ആളുകളുടെ മനഃസാക്ഷി യുഡിഎഫിനൊപ്പം വരുന്നു. പിഎസ്‌സി റാങ്ക് അട്ടിമറിയും അനധികൃത സ്ഥിരപ്പെടുത്തലും കാരണം ചെറുപ്പക്കാര്‍ മൊത്തം എല്‍ഡിഎഫിന് എതിരായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏതാനും സ്ഥലത്ത് വിജയം നേടി എന്നതിന്റെ അഹങ്കാരത്തില്‍ പിഎസ്‌സി അട്ടിമറിയടക്കം നടത്തി ചെറുപ്പക്കാരെ വെല്ലുവിളിക്കുകയാണ്. നിയമന തട്ടിപ്പടക്കം നടത്തി എന്തുമാവാം എന്ന സര്‍ക്കാരിന്റെ അഹങ്കാരം അവസാനിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ അതേ ട്രെന്റ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി ഉണ്ടാകും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശബരിമല നിയമം, ന്യായ് പദ്ധതി എന്നിവ കൊണ്ടു വരും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രാഹുല്‍ ഗാന്ധിയടക്കം വന്നു സംസാരിക്കും.