കത്‍വ കേസ്: മുസ്‍ലിം യൂത്ത് ലീഗില്‍ നിന്ന് പണം ലഭിച്ചെന്ന് ഇരയുടെ കുടുംബം

സൗജന്യമായി കേസ് വാദിക്കാമെന്നേറ്റ ദീപിക പിന്നീട് പണം വാങ്ങിയെന്നും രണ്ടുതവണ മാത്രമാണ് ദീപിക കോടതിയില്‍ ഹാജരായതെന്നും കുടുംബം

കത്വവ: മുസ്‍ലിം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമ സഹായവും ലഭിച്ചിരുന്നുവെന്ന് കത്‍വ കേസിലെ ഇരയുടെ കുടുംബം മീഡിയവണിനോട്. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും അച്ഛൻ മുഹമ്മദ് അഖ്ത്തര്‍ പ്രതികരിച്ചു. അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചുവെന്ന യൂത്ത് ലീഗ് വാദം കുടുംബം ശരിവെക്കുന്നു. പുറമെ അഭിഭാഷകരെ ഏര്‍പ്പാടാക്കിത്തന്നെന്ന് വളര്‍ത്തച്ഛൻ മുഹമ്മദ് യൂസുഫും വ്യക്തമാക്കി.

എന്നാല്‍ കത്‍വ കേസിന്‍റെ പേരിൽ പ്രശസ്തയായ അഭിഭാഷക ദീപിക സിങ് രജാവതിനെതിരെ കടുത്ത ആരോപണമാണ് ഇരയുടെ കുടുംബം ഉന്നയിക്കുന്നത്. ആദ്യം സൗജന്യമായി കേസ് വാദിക്കാമെന്നേറ്റ അഭിഭാഷക പിന്നീട് ഒന്നര ലക്ഷം രൂപ പണമായി കൈപറ്റിയെന്ന് കുടുംബം പറയുന്നു.

നൂറ്റിപ്പത്ത് തവണ കോടതി കേസ് പരിഗണിച്ചപ്പോൾ രണ്ട് തവണ മാത്രമാണ് അവര്‍ കോടതിയിൽ ഹാജരായത്. അതിനാൽ അവരുടെ വക്കാലത്ത് ഒഴിവാക്കേണ്ടി വന്നു. കേസ് നടത്തിപ്പ് ദുര്‍ബലപ്പെട്ടാൽ സഹായിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കാണ് അതിന്‍റെ ഉത്തരവാദിത്വമെന്ന് ഇരയുടെ പിതൃസഹോദരനും പ്രതികരിച്ചു.