സ്വർണക്കടത്ത്; കസ്​റ്റംസ്​ കമീഷണറെ അപായപ്പെടുത്താൻ ശ്രമം

കരിപ്പൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്ത്​, ഡോളർ കടത്ത്​ കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്​റ്റംസ്​ കമീഷണർ സുമിത്​ കുമാർ സഞ്ചരിച്ച​ വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന്​ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കസ്​റ്റംസി​ന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ​്​ച ഉ​ച്ചയോടെയാണ്​ സംഭവം. കൽപറ്റയിലെ കസ്​റ്റംസ്​ പ്രിവൻറിവ്​ യൂനിറ്റ്​ ഉദ്​ഘാടനം ചെയ്​ത്​ മടങ്ങുകയായിരുന്നു സുമിത്​ കുമാർ. കോഴിക്കോട്​ വിമാനത്താവളത്തിലേക്ക്​ വരുന്നതിനിടെ എടവണ്ണയിൽവെച്ചായിരുന്നു സംഭവം​. കൊടുവള്ളി മുതൽ കാറിലും രണ്ട്​ ബൈക്കിലുമായി എത്തിയ സംഘം കമീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ്​ പരാതി. കൊണ്ടോട്ടി-എടവണ്ണപ്പാറ ​​റൂട്ടിൽ നടന്ന സംഭവത്തി​ന്റെ അടിസ്ഥാനത്തിലാണ്​ കൊണ്ടോട്ടി പൊലീസ്​ കേസെടുത്തത്​.

അശ്രദ്ധമായി വാഹനം ഓടിക്കൽ, ഗതാതഗത തടസ്സം സൃഷ്​ടിക്കൽ എന്നീ കുറ്റങ്ങൾക്കാണ്​ കമീഷണറെ പിന്തുടർന്നവർക്കെതിരെ കേസെടുത്തത്​. ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനത്തെ പിന്തുടർന്ന്​ അപായ​പ്പെടുത്താൽ ശ്രമിച്ചതിനാണ്​ കേസെടുത്ത​തെന്നും​ കൊണ്ടോട്ടി പൊലീസ്​ അറിയിച്ചു.

ഇവർ സഞ്ചരിച്ച വാഹന നമ്പർ പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഇത്​ കേന്ദ്രീകരിച്ചാണ്​ അന്വേഷണം. കോഴിക്കോട്​ മുക്കം സ്വദേശിയുടേതാണ്​ വാഹനം. കേരളത്തിന്റ നാല്​ വിമാനത്താവളങ്ങളുടെ കസ്​റ്റംസ്​ ചുമതല ഇദ്ദേഹത്തിനാണ്​. ഇക്കാര്യം സുമിത്കുമാർ സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.