കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍

തഞ്ചാവൂർ: ഓടുനീക്കി കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. ഇരട്ടപെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര്‍ കുഞ്ഞുങ്ങളെ കൈക്കലാക്കിയത്.

ശനിയാഴ്ച തഞ്ചാവൂർ നഗരത്തിലാണ് സംഭവമുണ്ടായത്. മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട കുഞ്ഞിന്‍റെ അമ്മ ഭുവനേശ്വരി നിലവിളിച്ചു. പിന്നീടാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി മനസിലായത്. ഭുവനേശ്വരിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി നടത്തിയ പരിശോധനയിൽ മേൽക്കൂരയിൽ നിന്നും ഒരു കുട്ടിയെ ലഭിച്ചു. രണ്ടാമത്തെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് വീടിന് സമീപത്ത് ജലാശയത്തില്‍ നിന്ന് കുഞ്ഞിനെ ലഭിച്ചത്. രക്ഷപ്പെടുത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മെഡിക്കല്‍ സംഘം സ്ഥലത്തെത്തി കുട്ടിയെ പരിശോധിച്ചു. കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.