സി.എം @ കാമ്പസ്; പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം ദേശീയ പാത ഉപരോധിച്ചു.
തേഞ്ഞിപ്പലം: സി.എം @ കാമ്പസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വിദ്യാർഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്.
യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞ തടഞ്ഞ പൊലീസ് പ്രവർത്തകർക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേർക്ക് പരിക്കേറ്റു.
ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലത്ത് പ്രതിപക്ഷ യുവജനസംഘടനകൾ ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
ബന്ധുനിയമനം, പിൻവാതിൽ നിയമനം, ചോദ്യങ്ങൾക്ക് വിലക്കേർപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് സംഘടനകൾ മാർച്ച് നടത്തിയത്.
കേരളത്തിലെ പ്രധാന സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദ പരിപാടിയുടെ സമാപനമാണ് കാലിക്കറ്റ് സർവകലാശാലയിൽ നടന്നത്.
എന്നാൽ, പരിപാടിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വിലക്കേർപ്പെടുത്തിയതും കറുത്ത മാസ്ക് അഴിപ്പിച്ചതും ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി ക്ഷുഭിതനായതും വിവാദമായിരുന്നു.