മലയാളസര്‍വകലാശാല ആസ്ഥാന മന്ദിര ശിലാസ്ഥാപനം 16 ന്

മാങ്ങാട്ടിരി: മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തിലുള്ള മലയാളസര്‍വകലാശാലയ്ക്ക് തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയുന്നതിന്റെ ശിലാസ്ഥാപനം  (ഫെബ്രുവരി 16) വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ അധ്യക്ഷനാകുന്ന ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. കെ.ടി. ജലീല്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജനപ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പങ്കെടുക്കും.ഭരണകാര്യാലയവും ലൈബ്രറിയുമുള്ള 20 കോടി രൂപയുടെ കെട്ടിട സമുച്ചയം ആദ്യഘട്ടത്തില്‍ നിര്‍മിക്കും. 80 കോടി രൂപ ചെലവിലാണ് സര്‍വകലാശാലയ്ക്ക് സ്ഥിരം ക്യാമ്പസ് ഒരുക്കുന്നത്. സംസ്ഥാന ബജറ്റില്‍ സര്‍വകലാശാലകള്‍ക്ക് അനുവദിച്ച 75 കോടി രൂപയും ഇതിനായി വിനിയോഗിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു.

പ്രകൃതിസൗഹൃദ ക്യാമ്പസില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡാണ് കെട്ടിട സമുച്ചയങ്ങള്‍ ഒരുക്കുക. അക്കാദമിക ബ്ലോക്ക്, ക്ലാസ് മുറികള്‍, സെമിനാര്‍ ഹാളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഘട്ടം ഘട്ടമായി ഒരുക്കും. വികസനത്തിന്റെ പാതയില്‍ മുന്നേറുന്നതിനിടെ സര്‍വകലാശാലയിലെ ആദ്യ ഡീലീറ്റ് സമര്‍പ്പണ ചടങ്ങ് മാര്‍ച്ച് 31ന് നടക്കുമെന്ന് രജിസ്ട്രാര്‍ ഡോ.ഡി ഷൈജന്‍, വൈസ് ചാന്‍സലറുടെ പേഴ്‌സണല്‍ സെക്രട്ടറി വി.സ്റ്റാലിന്‍ എന്നിവര്‍ അറിയിച്ചു.