ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു.

തിരുവന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

അതേസമയം, എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി സര്‍ക്കാര്‍ നീട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചില്ല. തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും മന്ത്രിസഭാ യോഗം എടുത്തില്ല.

വിവിധ വകുപ്പുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കി. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍, ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുളള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കാനുളള ഒഴിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതിനിടെ, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.