ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും

തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും 27ന് 10മണിയ്ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പ്പം എന്ന വിഷയത്തില്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം സുനില്‍ പി ഇളയിടം 11 മണിക്ക് നിര്‍വ്വഹിക്കും. 

27ന് ഉച്ചയ്ക്ക് കോളജ് വിദ്യാര്‍ത്ഥികല്‍ക്കായി ദ്രുതകവിതാ രചനാമത്സരം, സാഹിത്യക്വിസ് എന്നിവ നടക്കും. മൂന്നരയ്ക്ക് ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനത്തില്‍ പതിമൂന്ന് പ്രമുഖ കവികള്‍ പങ്കെടുക്കും. വൈകീട്ട് 5.30ന് കലോത്സവം പ്രമുഖ നാടക-ചലച്ചിത്ര താരം വി. വിക്രമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 6.30ന് കോട്ടയ്ക്കല്‍ മധുവും കോട്ടയ്ക്കല്‍ രഞ്ജിത് വാര്യരും അവതരിപ്പിക്കുന്ന സംഗീത സമന്വയം അരങ്ങേറും.

28ന് രാവിലെയും ഉച്ചയ്ക്കുമായി കേരള സാഹിത്യ അക്കാദമി തുഞ്ചന്‍ സ്മാരക ട്രസ്റ്റുമായി ചേര്‍ന്ന് മഹാമാരിയും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. വൈശാഖന്‍, ടി.ഡി. രാമകൃഷ്ണന്‍, ഡോ. ഹരികൃഷ്ണന്‍, കെ.പി. മോഹനന്‍, ഖദീജ മുംതാസ്, ഇ.പി. രാജഗോപാലന്‍, എ.സി. ശ്രീഹരി എന്നിവര്‍ സംസാരിക്കും. 4ന് അക്ഷരശ്ലോകം അരങ്ങേറും.

അഞ്ചുമണിക്ക് പി. ശ്രീരാമകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും എം.ടി., അനില്‍ വള്ളത്തോള്‍, സി. ഹരിദാസ് എന്നിവര്‍ സംബന്ധിക്കും. 6.30ന് ഹരി ആലങ്കോടും സംഘവും അവതരിപ്പിക്കുന്ന സന്തൂര്‍ കച്ചേരി ഉണ്ടാവും. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും തുഞ്ചന്‍ ഉത്സവം നടക്കുക.