ഭ​ർ​ത്താ​വി​ന്റെ കൊ​ല​ക്ക​ത്തി​ക്ക്​ മു​ന്നി​ൽ മു​ഹ്​​സി​ല പി​ട​ഞ്ഞി​ല്ലാ​താ​യ​ത്​ വിവാഹത്തി​ന്റെ പുതുമ മാറും മുമ്പ്

മുക്കം: ആറുമാസം മുൻപ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നാണെന്ന് പൊലീസ്.കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) ഉറക്കത്തിനിടയിൽ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. മുറിയിൽ നിന്ന് ബഹളം കേട്ട് മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയാറായില്ല.

സമീപവാസികൾ എത്തിയതോടെ വാതിൽ തുറന്ന് പുറത്തേക്ക് ഓടിയ ഷഹീറിനെ പിടികൂടി പൊലീസിൽ അറിയിക്കുകയായിരുന്നു. മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മുഹ്സിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന ഷഹീർ വിവാഹത്തിനു ശേഷം മടങ്ങിപോയിരുന്നില്ല. അടുത്തിടെയാണ് മലപ്പുറം ഒതായിലെ വീട്ടി‍ൽ നിന്നും മുഹ്സില ഭർതൃവീട്ടിൽ എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലിസ് കണ്ടെത്തി.

താമരശ്ശേരി ഡിവൈഎസ്പി എൻ.സി.സന്തോഷ്, മുക്കം ഇൻസ്പെക്ടർ എസ്.നിസാം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഒതായി ചൂളാട്ടിപ്പാറ പുളിക്കൽ മുജീബിന്റെയും കദീജയുടെയും മകളാണ് മുഹ്സില. സഹോദരങ്ങൾ: മുഹ്സിൽ റഹ്മാൻ, മുസ്ന