തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കള്‍ മരിച്ചു.

കണ്ണൂര്‍: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ശിവപ്രസാദ് , ഏഴിലോട് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരും ചികിത്സയിലായിരുന്നു.

 

ഫെബ്രുവരി 19ന് വൈകിട്ട് നാല് മണിയോടെയാണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ ആര്യയും ശിവപ്രസാദും ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 ശതമാനം പൊള്ളലേറ്റ ആര്യ ഇന്നലെ രാത്രി ഏഴ് മണിക്കും, 65 ശതമാനം പൊള്ളലേറ്റ ശിവപ്രസാദ് ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇരുവരുടെയും ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

 

 

 

ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് സംഭവം. പയ്യന്നൂര്‍ കോളേജില്‍ മൂന്നാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ത്ഥിയാണ് ആര്യ. ബാറില്‍ സെയില്‍സ്മാനാണ് ശിവപ്രസാദ്.