കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ തീരുമാനം

ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഓഡിറ്റോറിയം/കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമകള്‍ ഉറപ്പുവരുത്തണം. പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ ഇവിടങ്ങളില്‍ പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ആളുകള്‍ ഒരുമിച്ചു കൂടുന്ന എല്ലാ ഇടങ്ങളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനായി ജില്ലയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തും. കോവിഡ് ഭേദമായതിന് ശേഷവും ശാരിരീക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവിഭാഗം ആളുകളും സ്വീകരിക്കണം. നിലവിലുള്ള സി.എഫ്.എല്‍.ടി.സികള്‍ നിലനിര്‍ത്താനും യോഗം തീരുമാനിച്ചു. വിദേശത്ത് നിന്നെത്തുന്നവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. എയര്‍പോര്‍ട്ട് ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തിരിച്ച് നല്‍കും. പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ പട്ടികയ്ക്ക് സമിതി അംഗീകാരം നല്‍കി.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, എ.ഡി.എം ഡോ.എം.സി റെജില്‍, ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ,് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ഒ. ഹംസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഹോമിയോ ഡി.എം.ഒ ഡോ.റംലത്ത് കുഴിക്കാട്ടില്‍, ഡി.പി.ഒ എ. ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.