17 കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആൾ മരിച്ച നിലയിൽ.

ഇടുക്കി: പള്ളിവാസലിൽ 17 കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അരുൺ മരിച്ച നിലയിൽ. പള്ളിവാസൽ പവർ ഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ദൂരം മാറിയായിട്ടാണ് അരുണിന്റെ മൃതദേഹം ലഭിച്ചത്.

പള്ളിവാസൽ പവർഹൗസിന് സമീപം ശനിയാഴ്ച്ചയാണ് പ്ലസ് 2 വിദ്യാർത്ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

 

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയോടൊപ്പം അരുൺ ഉണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അരുണിന്റെ മുറിയിൽ നിന്നും കുറ്റസമ്മതം നടത്തിയ കത്ത് പോലീസിന് ലഭിച്ചു.