കല്‍പ്പകഞ്ചേരി പീഡനം; എട്ട് മാസത്തോളമാണ് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയത്.

പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നല്‍കി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എട്ട് മാസത്തോളമാണ് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കിയത്. പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 30കാരന്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷമാണ് നിരന്തരമായി പീഡിപ്പിച്ചത്. കൂടാതെ ഇയാളുടെ സുഹൃത്തുക്കള്‍ക്കും പീഡിപ്പിക്കാനുള്ള അവസരം ഒരുക്കി നല്‍കി.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്‌ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ്  പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവര്‍. ലോക്ക്ഡൗണ്‍ സമയത്താണ് കേസിലെ ഒന്നാംപ്രതിയായ യുവാവ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രദേശവാസിയായ ഇയാള്‍ ഒമ്പതാംക്ലാസുകാരിയായ പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത് ബന്ധം നിലനിര്‍ത്തി. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ പെണ്‍കുട്ടിക്ക് കഞ്ചാവെത്തിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവും സഹോദരന്മാരും മാത്രമേ വീട്ടിലുള്ളൂ.

ഇവരറിയാതെ പലസമയത്തും വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു. കഞ്ചാവ് വില്‍പ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവര്‍ക്കും അവസരം ഒരുക്കി നല്‍കി. ഇതിനിടെ ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കുട്ടി മൊഴി നല്‍കി. ബാക്കി പ്രതികള്‍ ഒളിവിലാണ്. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്