ഇന്ധന നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി
ഡല്‍ഹി: ഇന്ധനവില എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി നില്‍ക്കുമ്പോഴും ഇന്ധന നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ കേന്ദ്രം ഇന്ധനവില എപ്പോള്‍ കുറയ്ക്കുമെന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. ‘എപ്പോള്‍’ എന്ന് പറയാന്‍ എനിക്ക് കഴിയില്ല. ഇത് ഒരു ധര്‍മ്മസങ്കടമാണെന്നാണ് അവര്‍ മറുപടി നല്‍കിയത്.
അതേസമയം, ഇന്ധനവില വര്‍ധനവിന് പിന്നാലെ കഴിഞ്ഞ ദിവസം പാചകവാതക വിലയും ഉയര്‍ന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു.
ഈ മാസം മൂന്നാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു.
ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.