സിപിഎം ഓഫീസ് ഇനി ബിജെപി കാര്യാലയം

തിരുവനന്തപുരം : തിരുവനന്തപുരം കോവളത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. വിഴിഞ്ഞത്തെ സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കിമാറ്റിയത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ പുതിയ കാര്യാലയത്തിൻറ പ്രവർത്തനമാരംഭിച്ചു.

സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ബംഗാൾ മോഡൽ ഒഴുക്കാണ് കഴിഞ്ഞ ദിവസം കാണാനായത്. കോവളം നിയോജകമണ്ഡലത്തിൽപ്പെട്ട വിഴിഞ്ഞത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ബിജെപിയിൽ ചേരുകയായിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വിഴിഞ്ഞത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. ചെഗുവേര ചിത്രങ്ങൾക്കുമുകളിൽ താമരവിരിഞ്ഞു.

കോവളം മുൻ പഞ്ചായത്ത് പ്രസിഡനറ് മുക്കോല പ്രഭാകരനടക്കം 86 സിപിഎം പ്രവർത്തകരാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കൂട്ടരാജി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തെ സിഐടിയു പ്രവർത്തകരായ 20 പേരും ബിജെപിയിൽ അംഗത്വമെടുത്തവരിൽപെടും. ഡിവൈഎഫ്എയുടെ പഴയമുഖമായ കെഎസ് വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ മുക്കോല ജി പ്രഭാകരൻ തലസ്ഥാന ജില്ലിയിലെ അറിയപ്പെടുന്ന സിപിഎം നേതാവുകൂടിയാണ്.