അധ്യാപക ഇന്റര്‍വ്യു ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നും ഒഴിവാക്കി; മലയാളസര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം

തിരൂര്‍: തുഞ്ചത്തെഴുത്തഛന്‍ മലയാളസര്‍വകലാശാല ഫ്രണ്ട് ഓഫീസിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12.30ഓടെ കാമ്പസിലെത്തിയ ഉദ്യോഗാര്‍ത്ഥിയാണ് പ്രതിഷേധ സൂചകമായി തന്റെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്.

സാഹിത്യ പഠന വിഭാഗത്തിലേക്ക് നടക്കുന്ന അധ്യാപന നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് മുദ്രാവാക്യവിളികളോടെ ഉദ്യോഗാര്‍ത്ഥി പ്രതിഷേധിച്ചത്. നൂറിലധികം അപേക്ഷകരില്‍ നിന്നും 25 പേരടങ്ങുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയാണ് ഇന്ന് ഇന്റര്‍വ്യു നടത്തിയത്. എന്നാല്‍ പി.ജി, പി.എച്ച് ഡി, മഹാരാജാസ് , തുഞ്ചന്‍ കോളേജുകളിലെ പ്രവര്‍ത്തന പരിചയം തുടങ്ങിയ യോഗ്യതകളുണ്ടായിട്ടും തന്നെ ഇന്റര്‍വ്യുവില്‍ നിന്നും ഒഴിവാക്കിയതിലാണ് ഉദ്യോഗാര്‍ത്ഥി പ്രതിഷേധം ഉയര്‍ത്തിയത്.

സംഭവം നടന്ന ഉടനെ സര്‍വകലാശാല അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും കത്തിച്ച ശേഷം മണ്ണെണ്ണ ദേഹത്തേക്ക് ഒഴിക്കുമെന്നായതോടെ സെക്യൂരിറ്റിയും ജീവനക്കാരും ഉദ്യോഗാര്‍ത്ഥിയെ പിടിച്ചു മാറ്റുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥി പോയിരുന്നു. സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.