പോസ്റ്റർ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്ന് മന്ത്രി എ.കെ.ബാലൻ.
പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുകതന്നെ ചെയ്യുമെന്നാണ് പോസ്റ്ററിലെ വരികൾ.
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജില്ലയിലെ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഇപ്പോൾ നടക്കുന്നത് അതിന്റെ പ്രക്രിയ മാത്രമാണ്. ചില പേരുകൾ കേൾക്കും. ചിലത് മാറും. പോസ്റ്റർ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്നും മന്ത്രി പറഞ്ഞു. ഭാര്യ ഡോ. പി.കെ. ജമീലയ്ക്കെതിരെ പാലക്കാട് പോസ്റ്ററുകൾ പതിച്ചതിനെക്കുറിച്ചാണ് മന്ത്രിയുടെ വിശദീകരണം.
പാലക്കാട് നഗരത്തിലും സിപിഎം ജില്ലാകമ്മിറ്റി ഒാഫിസിനു സമീപവും സേവ് കമ്യൂണിസത്തിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുകതന്നെ ചെയ്യുമെന്നാണ് പോസ്റ്ററിലെ വരികൾ. സ്ഥാനാർഥി നിർണയത്തെക്കുറിച്ചുള്ള സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ സിപിഎം ജില്ലാസെക്രട്ടേറിയേറ്റും ജില്ലാകമ്മിറ്റിയും ഇന്ന് യോഗം ചേരാനിരിക്കേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പി.കെ. ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ബൈക്കിൽ, ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ പോസ്റ്റർ പതിക്കുന്ന ദൃശ്യം ജില്ലാകമ്മിറ്റി ഒാഫിസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.