സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് മത്സരിക്കുമെന്ന ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടി.എം.സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.