മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം

വേങ്ങര: അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വേങ്ങരയില്‍ പ്രതിഷേധ സംഗമം നടത്തിയത്. യുപിയിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര പീഡനങ്ങള്‍ക്കിരയായത് സംബന്ധിച്ച് വാര്‍ത്താ ശേഖരിക്കാന്‍ പുറപ്പെട്ട സിദ്ധീഖ് കാപ്പനെ മഥുര ടോള്‍പ്ലാസയില്‍ നിന്ന് പോലിസ് പിടികൂടി ജയിലിലടച്ചത് എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ മേഖലയെ തകര്‍ക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണിതെന്ന് ചടങ്ങില്‍ സംസാരിച്ച എ.ഐ.സി.സി അംഗം പ്രൊഫ. ഹരിപ്രിയ അഭിപ്രായപ്പെട്ടു.

വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസല്‍ സംഗമം ഉദ്ഘാടനം ചെയ്തു. പി അംബിക അധ്യക്ഷത വഹിച്ചു. ജില്ലാ പബായത്ത് അംഗം സമീറ പുളിക്കല്‍, കണ്ണമംഗലം പഞ്ചായത്ത് അംഗങ്ങളായ കെ പി സരോജിനി, സലീന താട്ടയില്‍, ഊരകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂനത്ത്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ സി ആയിഷ, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് പി ആരിഫ ടീച്ചര്‍, എന്‍.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡന്റ് ഹബീബ ഉസ്മാന്‍, സിദ്ധീഖിന്റെ ഭാര്യ റൈഹാനത്ത് സംസാരിച്ചു.