പൊതു വിദ്യാഭ്യസ മേഖലക്ക് പുതിയ നേട്ടം: ഡിജിറ്റൽ ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
തിരൂർ: വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള യാത്രയിൽ നിർണായകമായ ഒരു ചുവടാണ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠന സൗകര്യങ്ങളുടെ വ്യാപനം എന്ന് പ്രശസ്ത കവി റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. മലപ്പുറം ഡയറ്റിൽ പൊതുവിദ്യഭ്യാസ വകുപ്പിൻ്റെ സഹായത്തോടെ സംവിധാനം ചെയ്ത ഡിജിറ്റൽ ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റം ഏവരേയും അതിശയിപ്പിക്കുന്നതാണ്. എന്നാൽ സ്വഭാവ രൂപീകരണം എന്ന മഹത്തായ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരിമിതികൾ കാണുന്നു.
റോഡിൽ അപകടം സംഭവിച്ചാൽ ആദ്യം ഓടിയെത്തുന്നത് വിദ്യാസമ്പന്നര ല്ല. സാധാരണക്കാരാണ്. വിദ്യാർത്ഥികൾക്ക് മാനവികമായ മൂല്യങ്ങൾ പകർന്നു നല്കാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണം. ഒരു സമൂഹം എ ത്രമാത്രം പരിഷ്കൃതമാണ് എന്ന് തിരിച്ചറിയാൻ കുട്ടികളോടുള്ള പെരുമാറ്റം ഒരു പ്രധാന സൂചകമാണ്. നദികളോടുള്ള മനുഷ്യൻ എങ്ങനെ പെരുമാറുന്നു എന്നതും വിദ്യാഭ്യാസത്തിൻ്റെ സൂചകമാണ്. സംസ്കാരത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസം സഹായിക്കണം – എല്ലാ കുട്ടികൾക്കും സർഗ്ഗാത്മകമായ ആവിഷ്കാരത്തിന് സഹായകമാകും വിധം ഈ ഡിജിറ്റൽ സ്റ്റുഡിയോ പ്രവർത്തനക്ഷമാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പാൾ : ഡോ. പി കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ‘ കുസുമം, സമഗ്ര ശിക്ഷ ജില്ലാ കോ- ഓഡിനേറ്റർ വേണുഗോപാലൻ, തിരുർ. എഇഒ .ഇ. പ്രകാശ്, ബി.പി.സി അബ്ദുൽ സിയാദ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന – ഡിജിറ്റൽ സ്റ്റുഡിയോ – കാഴ്ചപ്പാടുകളുടെ അവതരണ ചർച്ചയിൽ’ സൈജു എസ്. രവീന്ദ്രൻ (സൗണ്ട് എൻജിനീയർ ) ഡോ. അശോകൻ നൊച്ചാട് ( ഡയറ്റ് – കോഴിക്കോട്) ഡോ.ബഷീർ.പി. തിരൂർ , അഞ്ജലി (ഡയറ്റ് മലപ്പുറം) എന്നിവർ പങ്കെടുത്തു. ഡോ. ഗോപി പുതുക്കോട് സ്വാഗതവും രേവമ്മ .പി . ദാസ് നന്ദിയും പറഞ്ഞു. റഫീഖ് അഹമ്മദിൻ്റെ കവിതക്ക് അധ്യാപക വിദ്യാർത്ഥികളായ സാന്ദ്ര സുരേന്ദ്രൻ, കാർത്തിക എന്നിവർ ചേർന്ന് അവതരിപ്പിച്ച കോറിയോ ഗ്രാഫിയിലൂടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.