മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന മിഥുന ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന പി.മിഥുന ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ ജനവിധി തേടും. പല പ്രമുഖരുടെയും പേരുകൾ സ്ഥാനാർഥി പരിഗണനക്കായി ഉയർന്നുവന്നെങ്കിലും മുസ്ലിം ലീഗിന്‍റെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി മിഥുനയുടെ പേരാണ് ഇത്തവണ വണ്ടൂരിൽ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം സംവരണ സീറ്റിലാണ് 2015 ൽ വിദ്യാർത്ഥിയായിരുന്ന പി മിഥുന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന പേരും മിഥുന സ്വന്തമാക്കിയിരുന്നു.

പിന്നീട് ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തു എന്ന പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണം മുസ്ലിം ലീഗിൽ നിന്ന് പി.മിഥുനക്കെതിരെ ഉയർന്നുവന്നു. മുസ്ലിം ലീഗും കെ.ടി ജലീലും തമ്മിൽ തർക്കം നടക്കുന്നതിനിടെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് കെ. ടി ജലീൽ എത്തുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നേരത്തെ മിഥുനക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് വകവക്കാതെ മിഥുന

ചടങ്ങിൽ പങ്കെടുത്തതോടെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പിന്നീടങ്ങോട്ട് എൽഡിഎഫിനൊപ്പം നിന്നായിരുന്നു മിഥുനയുടെ പ്രവർത്തനം. സംവരണ സീറ്റ് ആയതുകൊണ്ട് തന്നെ മുസ്ലിം ലീഗിൽ മറ്റൊരു ആൾ പഞ്ചായത്ത് പ്രസിഡന്‍റ് ആകാൻ ഇല്ലാത്തതുകൊണ്ട് ഭരണം പി.മിഥുനയുടെ കയ്യിൽ തന്നെ ഭദ്രമായി നിലനിന്നു. പിന്നീട് പി.മിഥുന ഭരണപക്ഷത്തെ മാറ്റി നിർത്തി കൂട്ടുകെട്ട് പ്രതിപക്ഷത്തിന് ഒപ്പമായി. തുടർന്ന് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഹാളിന് ഇഎംഎസിന്‍റെ പേര് നൽകിയതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. പിന്നീടങ്ങോട്ട് പ്രതിപക്ഷത്തെ സഹായിച്ച ഭരണപക്ഷ പഞ്ചായത്ത് പ്രസിഡന്‍റ് പദം അഞ്ചുവർഷം പൂർത്തിയാക്കിയാണ് മിഥുന ഒഴിഞ്ഞത്. ഇപ്പോൾ ഒരിടവേളക്ക് ശേഷം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് പി.മിഥുന.