ഹിജാമ ചികിത്സയുടെ മറവിൽ ലഹരി വില്പന, വ്യാജ സിദ്ധനും കൂട്ടാളിയും പിടിയിൽ

രോഗികളെന്ന വ്യാജേനയാണ് ലഹരി ഇടപാടുകാർ ഇയാളുടെ സ്ഥാപനത്തിൽ എത്തിയിരുന്നത്.

കൊണ്ടോട്ടി: അക്യുപങ്ങ്ചർ ചികിത്സയുടെ മറവിൽ വീട് വാടകക്ക് എടുത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്പന നടത്തിവന്ന വ്യാജ സിദ്ധനേയും കൂട്ടാളിയേയും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി. കീഴ്ശ്ശേരി കുഴിമണ്ണ സ്വദേശി മഠത്തിൽ പള്ളിയാളി ചേർങ്ങോടൻ മുഹമ്മദ് (52) എന്ന ഹിജാമ മുഹമ്മദ്, തൃപ്പനച്ചി പാലക്കാട് സ്വദേശി വെണ്ണക്കോടൻ നാസർ (26) എന്നിവരേയാണ് അൽ ഹബീബ് ഹിജാമ സെൻ്റർ എന്ന വ്യാജ അക്യുപങ്ങ്ചർ സെൻ്ററിൽ നിന്നും പിടികൂടിയത്.

ഇവരിൽ നിന്നും നാല് കിലോ കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കകളും കണ്ടെടുത്തു.

മൂന്ന് വർഷം മുൻപാണ് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള മുച്ചീട്ടു കളിക്കാരൻ മുഹമ്മദ് വ്യാജ സർട്ടീഫീക്കറ്റുകൾ ഉണ്ടാക്കി ഹി ജാമാ ഡോക്ടർ ആകുന്നത്. കീഴ്ച്ചേരി ഗവ: സ്കൂളിൻ്റെ ഗേറ്റിനു എതിർവശം ഒരു വാടക വീട്ടിലാണ് ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നത്. രോഗികളെന്ന വ്യാജേനയാണ് ലഹരി ഇടപാടുകാർ ഇയാളുടെ സ്ഥാപനത്തിൽ എത്തിയിരുന്നത്.

സ്ഥാപനത്തിൽ എത്തുന്ന ഇടപാടുകാർക്ക് ലഹരി ഉപയോഗിക്കാനുള്ള സൗകര്യവും ഇയാൾ തൻ്റെ സ്ഥാപനത്തിൽ ചെയ്തു കൊടുത്തിരുന്നു. വിദ്യാർത്ഥികൾക്കും മറ്റും ഇയാൾ ലഹരി ഉത്പന്നങ്ങൾ നൽകുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ഇയാളുടെ പ്രവർത്തികൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ സ്ഥാപനത്തിൽ ചിക്തിസക്കെന്ന രീതിയിൽ എത്തിയാണ് ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡിലെ അംഗങ്ങൾ ഇയാളെയും കൂട്ടാളിയേയും പിടികൂടിയത്. ഇയാൾക്ക് സ്ഥിരമായി ലഹരി ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്ന സംഘങ്ങളെക്കുറിച്ച് ‘വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ഇവർക്കെതിരെയുള്ള അന്വോഷണം ഊർജ്ജിതമാക്കി. സ്ത്രീകളെ വശീകരിച്ച് മന്ത്രവാദ ചികിത്സയിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തതായും ഇയാളുടെ വ്യാജ ചികിത്സ മൂലം അപകടങ്ങൾ പറ്റിയതായും നിരവധി പരാതിക്കാരാണ് ഇയാളെ പിടികൂടിയതറിഞ്ഞ് സ്റ്റേഷനിൽ എത്തിയത് .

ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ  ഡിവൈഎസ്പി പി പി ഷംസ് ,കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷറഫ് , എന്നിവരുടെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ  ചന്ദ്രമോഹൻ.

എസ് ഐ വി വി വിമൽ എന്നിവരുടെ ‘ നേതൃത്വത്തിൽ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ എസ് ഐ  സുബ്രൻ, രാജേഷ്, സജീവ്,ചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.