ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണ് ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണ്; പിണറായി വിജയൻ.

ഇരു പാർട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കണ്ണൂർ: കേരളത്തിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോൺഗ്രസ് പറയുന്നത്. ആദ്യം അവർ മുൻ തിരഞ്ഞെടുപ്പുകളിൽ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താൻ കഴിയൂ, മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. കേരളതല ധാരണ കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാകുന്നതായി കഴിഞ്ഞ കുറേ കാലത്തെ അനുഭവങ്ങളിലൂടെ വ്യക്തമാണ്. ഒരാൾ രാവിലെ ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റേ കക്ഷിയുടെ ആൾ വൈകുന്നേരം അതേ ആരോപണം ആരോപിക്കുന്നു. ഇരു പാർട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കേരളത്തിൽ നടന്നിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമം ഇരു കൂട്ടരും നടത്തുന്നു. പരസ്പര ധാരണയിലാണ് പ്രചാരണം പോലും നടത്തുന്നത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വേണ്ടി ചെറുപ്പക്കാർക്ക് ജോലി നൽകുന്നില്ലെന്ന് ആരോപിച്ച് പിഎസ്സിക്കെതിരെ കടുത്ത ആരോപണമാണ് ഇവർ അഴിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് പുതിയശക്തനെ ഇറക്കിയതുതന്നെ ഒരു യഥാർഥ പോരാട്ടത്തിനാണോ അതോ ഇവർ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ. കാരണം, നേമത്തെ നേരത്തെയുള്ള അനുഭവം വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു സീറ്റുണ്ടാക്കിക്കൊടുത്തത് ആരായിരുന്നു എന്നത് നമ്മൾ കണ്ടതാണ്. സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ട് അതിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു കോൺഗ്രസ്. ഇത് കോൺഗ്രസിന്റെ മറ്റൊരു സ്ഥാനാർഥിയെ ജയിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒത്തുകളിയാണെന്ന കാര്യം അന്നേ വ്യക്തമായിരുന്നതാണ്. തങ്ങളുടേതെല്ലാം നൽകി ബിജെപിയെ വളർത്തി മതേതര കേരളത്തിന്റെ പ്രതിച്ഛായ തകർത്തി എന്ന തെറ്റ് ഏറ്റുപറയാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു.