കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കുമുമ്പിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വി.വി പ്രകാശില്‍ നിന്നും ഡി.സി.സി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ രൂപീകരണത്തോടെ 1969തില്‍ ആര്യാടന്‍ മുഹമ്മദ്് ആദ്യത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റായി 52 വര്‍ഷത്തിന് ശേഷമാണ് മകന്‍ ആര്യാടന്‍ ഷൗക്കത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി.വി പ്രകാശിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയതോടെയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഷൗക്കത്തിന് ലഭിച്ചത്. മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റിലും വിജയിക്കലാണ് ലക്ഷ്യം. ജില്ലയില്‍ 16 സീറ്റിലും യു.ഡി.എഫിന് വിജയിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. കൈവിട്ടുപോയ നിലമ്പൂരും പൊന്നാനിയും തവനൂരും താനൂരും ഇത്തവണ പിടിച്ചെടുക്കും. പ്രഥമ കെ.പി.സി.സി പ്രസിഡന്റ് കെ. മാധവന്‍നായരുടെയും കട്ടിലശേരി മുഹമ്മദ് മുസ്ല്യാരുടെയും എം.പി നാരായണമേനോന്റെയും പാരമ്പര്യം തുടിക്കുന്ന ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത് ഉള്‍ഭയത്തോടെയാണെന്നും പ്രവര്‍ത്തനത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ഷൗക്കത്ത് അഭ്യര്‍ത്ഥിച്ചു. വിഭജന രാഷ്ട്രീയത്തിനെതിരെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒന്നിച്ച് അണിനിരത്തി പോരാടിയ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് കുലവും ഗോത്രവും നോക്കാതെ കോണ്‍ഗ്രസുകാരന്‍ എന്ന ഒറ്റ മനസോടെ പ്രവര്‍ത്തനരംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ വി.വി പ്രകാശ് ആധ്യക്ഷം വഹിച്ചു. ജില്ലയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ കരുത്തോടെ നയിക്കാന്‍ ഷൗക്കത്തിന് കഴിയട്ടെ എന്ന് പ്രകാശ് പറഞ്ഞു.രജിസ്റ്ററില്‍ ഒപ്പുവെച്ച് ഷൗക്കത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, കെ.പി നൗഷാദലി, ഡി.സി.സി ഭാരവാഹികളായ വല്ലാഞ്ചിറ ഷൗക്കത്തലി, പി.സി വേലായുധന്‍കുട്ടി, വീക്ഷണം മുഹമ്മദ്, പി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 9തിന് ഡി.സി.സി ഭാരവാഹികളുടെ യോഗം ചേരും.

നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരുന്ന ഷൗക്കത്ത് നിലവില്‍ കെ.പി.സി.സി സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനാണ്. രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ മുന്‍ ദേശീയ കണ്‍വീനര്‍കൂടിയാണ്. കോണ്‍ഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാര്‍ഡ് ജോതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടിയാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാലാമത്തെ സിനിമയായ വര്‍ത്തമാനം ഇപ്പോള്‍ പ്രദര്‍ശനം തുടരുകയാണ്. പതിനാലാം വയസില്‍ മാനവേദന്‍ സ്‌കൂളില്‍ പാര്‍ലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, കെ.പി.സി.സി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.