45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രം
ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 45 വയസ്സിനു മുകളിലുള്ളവർ വാക്സീൻ സ്വീകരിക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവർക്കുമാണ് നിലവിൽ വാക്സീൻ നൽകുന്നത്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വിദഗ്ധരുടെ നിർദേശമനുസരിച്ചാണ് സർക്കാരിന്റെ തീരുമാനം.
നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളിൽ എടുത്താൽ മതി. രാജ്യത്ത് വാക്സീനു ക്ഷാമമില്ലെന്നും ആവശ്യത്തിനു വാക്സീൻ ഡോസുകളുണ്ടെന്നും ജാവഡേക്കർ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകൾ വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെന്നും 80 ലക്ഷം പേർ രണ്ടു ഡോസും എടുത്തെന്നും മന്ത്രി പറഞ്ഞു.