മലപ്പുറം ഇനിയും ഏറെ വികസിക്കേണ്ടതുണ്ട് : തസ്‌ലിം റഹ്‌മാനി
മലപ്പുറം : മലപ്പുറവും പരിസരപ്രദേശങ്ങളും വികസന കാര്യത്തിൽ ഏറെ പിന്നിലാണെന്നും ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഏറെ അലംഭാവമാണ് കാണിച്ചെതെന്നും എസ് ഡി പി ഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി തസ്‌ലിം റഹ്‌മാനി. മങ്കട നിയോജകമണ്ഡലത്തിലെ പര്യടനത്തിൻറെ ഭാഗമായി കൂട്ടിലങ്ങാടിയിൽ പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ഇനിയും ഏറെ വികസന പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. പ്രവാസികളും സ്വകാര്യ സ്ഥാപനങ്ങളും ഉണ്ടാക്കിയ വികസനമാണ് മലപ്പുറത്ത് പ്രധാനമായും കാണുന്നത്. സർക്കാർ മേഖലയിലും അർദ്ധ സർക്കാർ മേഖലയിലും മലപ്പുറത്ത് സ്ഥാപനങ്ങളോ സൗകര്യങ്ങളോ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിൽ വളരെ പിന്നോക്കമാണ്. എസ് എസ് എൽ സി പാസ്സാകുന്ന കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. മുസ്ലിം ലീഗാണ് ഇക്കാര്യത്തിൽ വലിയ വീഴ്ച്ച വരുത്തിയത്. വിദ്യാഭ്യാസ വകുപ്പ് ഏറ്റവും കൂടുതൽ കാലം അവരാണ് കൈകാര്യം ചെയ്‌തത് . എന്നിട്ടും, മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വരാൻ അവർക്ക് കഴിഞ്ഞില്ല. ഇടത് പക്ഷവും മലപ്പുറത്തിൻറെ പിന്നോക്കാവസ്ഥയിൽ പ്രതി സ്ഥാനത്ത് തന്നെയാണുള്ളത്. മലപ്പുറത്തിൻറെ വികസനത്തിന് എസ് ഡി പി ഐയെ വിജയിപ്പിക്കാൻ ജനങ്ങൾ തെയ്യാറാവണം അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് എൻ ടി ശിഹാബ് അധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പനങ്ങാടി ,ലത്തീഫ് എടക്കര , റഷീദ് മഞ്ചേരി , നൗഷാദ് മംഗലശേരി എന്നിവർ സംസാരിച്ചു.
മങ്കട വേരുംപിലാക്കലിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത് . കടന്നമണ്ണ , കോഴിക്കോട്ട് പറമ്പ് , വെള്ളില , പൂഴിക്കുന്ന് , വള്ളിക്കാപ്പറ്റ , മങ്കട പള്ളിപ്പുറം , പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് കൂട്ടിലങ്ങാടിയിൽ സമാപിച്ചത്.എസ് ഡിപിഐ മങ്കട മണ്ഡലം നേതാക്കളായ എൻ ടി ശിഹാബ് , കബീർ മാസ്റ്റർ , നാസർ മാസ്റ്റർ , സുധീർ, ഷംസു വടക്കുംപുറം എന്നിവർ നേതൃത്വം നൽകി.