തിരൂരിന്റെ വികസന കിതപ്പ് നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരൂരിന്റെ വികസന കിതപ്പ് നേരിട്ടറിഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. മൂന്നുവാര്‍ഡുകളെ ബന്ധിപ്പിക്കുന്ന വെട്ടം ആശാന്‍പടിയിലെ അപകടഭീഷണി ഉയര്‍ത്തുന്ന പടിയംമരപ്പാലം സന്ദര്‍ശിച്ചാണ് സ്ഥാനാര്‍ഥി മണ്ഡലത്തിലെ വികസനക്കിതപ്പ് നേരിട്ട് മനസ്സിലാക്കിയത്. തിരൂര്‍ വെട്ടം പഞ്ചായത്തിലെ 11, 13, 14 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഈപാലം നാലുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇതുവരെ ജീവന്‍പണയംവെച്ചുയാത്രചെയ്ത യുവാവ് പലത്തില്‍നിന്നും താഴേക്കുവീണു.

നാട്ടിലെ സ്‌കൂള്‍കുട്ടികളും, ആശുപത്രിയിലേക്കുപോകുന്നവര്‍ക്കും ഏറെ ആശ്വാസകരമായ പാലം പുതുക്കിപ്പണിയാമെന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിറ്റിംഗ് എല്‍.എല്‍.എ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

നാട്ടുകാരുടേയും വിദ്യാര്‍ത്ഥികളുടെയും ബുദ്ധിമുട്ട് മനസ്സിലാക്കി 20 വര്‍ഷം മുമ്പാണു തൊട്ടടുത്ത സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ മരപ്പാലം നിര്‍മിച്ചത്. മുളയും, കമുകും ഉള്‍പ്പെടെ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിട്ടുള്ളത്. പിന്നീട് ചെറിയ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ നാട്ടുകാര്‍ പണംപിരിച്ചു അറ്റക്കുറ്റപണികള്‍ നടത്താറാണ് പതിവ്. ഇതുവഴി കാല്‍നടയായി പോകേണ്ടയിടങ്ങളിലേക്കു നിലവില്‍ മൂന്നു ബസ്സുകള്‍വരെ കയറി നാലും അഞ്ചും കിലോമീറ്ററുകള്‍വരെ പോകേണ്ട അവഥയാണ്. നൂറുകണക്കിനുവരുന്ന നാട്ടുകാരുടെ ആശ്രയമായ ഈ മരപ്പാലം പുതുക്കിപ്പണിയാനോ, പുതിയൊരുപാലം നിര്‍മിക്കാനോ അധികൃതര്‍ തയ്യാറാവാത്തതിനെതിരെയാണു ശക്തമായ പ്രതിഷേധമാണു മേഖലയില്‍നിന്നും ഉയരുന്നത്.

നാട്ടുകാര്‍ക്കു ആശ്വാസമാകുന്ന ഉറപ്പാണു പാലം സന്ദര്‍ശിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ് നല്‍കിയത്. താന്‍ വിജയിച്ചുകഴിഞ്ഞാല്‍ തന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ ഈപാലം ഉണ്ടാകുമെന്നും നിലവില്‍ ഈപലാത്തിലൂടെ സഞ്ചരിക്കാന്‍ കഴിയില്ലെന്നും ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു.