അഭിമാനത്തിന്റെ അടയാളം: വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി മലപ്പുറത്ത് ബൈക്ക് റൈഡ്
നിയമസഭാ/മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സ്വീപ് മലപ്പുറവും ടീക് ലാന്‍ഡ് റൈഡേഴ്‌സും സംയുക്തമായി മലപ്പുറത്ത് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. കരുത്തുറ്റ ജനാധിപത്യത്തില്‍ സമ്മതിദാനവകാശത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനാണ് സ്വീപിന്റെ നേതൃത്വത്തില്‍ ബൈക്ക് റൈഡ് സംഘടിപ്പിച്ചത്.
മലപ്പുറം കലക്ടറേറ്റില്‍ നിന്നാരംഭിച്ച ബൈക്ക് റൈഡില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ പ്രചരണാര്‍ത്ഥം നടത്തുന്ന ബൈക്ക് റൈഡില്‍ ഇരുപതിലധികം ബൈക്കുകളാണ് അണിനിരന്നത്.
ജില്ലയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ സ്വീപ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ല വലിയ തെരഞ്ഞെടുപ്പിലേക്ക്, അഭിമാനത്തിന്റെ അടയാളം എന്നീ ആപ്തവാക്യങ്ങളുമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ സ്വീപ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.