21 കാരിയെ കാണാതായിട്ട് മൂന്നാഴ്ച്ചയായി; കണ്ണീരോടെ കുടുബം

വളാഞ്ചേരി: കഞ്ഞിപ്പുരയിൽ 21 കാരിയെ കാണാതായിട്ട് 19 ദിവസം പിന്നിടുന്നു. ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇത് വരെയും ഒരു വിവരവും ലഭ്യമായിട്ടില്ല.

വെട്ടിച്ചിറയിലെ ഡെന്‍റല്‍ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുന്ന സുബീറ ഫർഹത്, 2021 മാർച്ച് 10ന് രാവിലെ 9 മണിക്ക് തന്‍റെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് ഇറങ്ങിയിട്ടുണ്ട്. തൊട്ടപ്പുറത്തെ വീട്ടിലെ സിസി ടിവിയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്. പക്ഷേ പിന്നീട് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

 

സാധാരണ ജോലിക്ക് പോകുന്ന പോലെ അന്നും അവള്‍ വീട്ടിൽ നിന്നിറങ്ങി. ജോലി സ്ഥലത്ത് എത്തിയില്ല, ഫോണിൽ ലഭ്യവുമല്ല എന്ന് ക്ലിനിക്കിലെ ഡോക്ടർ വീട്ടിലേക്ക് വിളിച്ച് പറഞ്ഞതോടെയാണ്, വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. തുടരെ വിളിച്ചെങ്കിലും ഫോൺ എടുത്തതേയില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. അസ്വഭാവിക പെരുമാറ്റം എന്തെങ്കിലും ഉണ്ടായതായി ബന്ധുക്കളും വീട്ടുകാരും ഓർക്കുന്നില്ല. വീട്ടിൽ നിന്നിറങ്ങിയ സുബീറയെ പിന്നെ എങ്ങനെ കാണാതായി എന്ന ദുരൂഹത മാത്രം ബാക്കി.

 

നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ നടത്തി. പരിസര പ്രദേശങ്ങളിലെ ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങൾ, സുബീറയുടെ ഫോൺ വിശദാംശങ്ങൾ എന്നിവ പോലീസ് ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. മകളുടെ തിരിച്ച് വരവ് കാത്ത് അങ്ങനെ കണ്ണീരോടെ കഴിയുകയാണ് കുടുംബം.