ജില്ലയില്‍ പിടിച്ചെടുത്തത് 5.44 കോടി രൂപയും 227 ഗ്രാം സ്വര്‍ണവും 44.75 ലിറ്റര്‍ മദ്യവും ലഹരി വസ്തുക്കളും പിടികൂടി

44.75 ലിറ്റര്‍ മദ്യവും ലഹരി വസ്തുക്കളും പിടികൂടി

പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊലീസും വിവിധ സ്‌ക്വാഡുകളും പിടിച്ചെടുത്തത് 5,44,60,000 രൂപയും 227 ഗ്രാം സ്വര്‍ണവും. ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് ടീം, പൊലീസ് എന്നിവര്‍ മാര്‍ച്ച് 29 വരെ നടത്തിയ വാഹന പരിശോധനയിലാണിത്. ഫ്‌ളയിങ് സ്‌ക്വാഡ് 15,81,500 രൂപയും സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് 25,11,500 രൂപയുമാണ് പിടിച്ചെടുത്തത്. 5,03,67,000 രൂപ പൊലീസും പിടിച്ചെടുത്തു. പൊലീസ് പരിശോധനയിലാണ് 227 ഗ്രാം സ്വര്‍ണവും പിടികൂടിയത്. അനധികൃതമായി വാഹനത്തില്‍ കടത്തിയ 44.75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം, 22.75 ലിറ്റര്‍ ബിയര്‍, 4.45 ലിറ്റര്‍ ചാരായം, 33.249 കിലോ ഗ്രാം കഞ്ചാവ്, 451729 പാക്കറ്റ് ഹാന്‍സ്, 41 പാക്കറ്റ് കൂള്‍ലിപ്പ്, 367 പാക്കറ്റ് പാന്‍മസാല, 142 പാക്കറ്റ് സിഗരറ്റ്, 115 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, 0.002 കിലോ ഗ്രാം ഹാഷിഷ്, 139.35 ഗ്രാം എംഡിഎംഎ, ഏഴ് പാക്കറ്റ് ചൈനി കൈനി, നാല് സെറ്റ് ഹൂക്ക എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് കഞ്ചാവ് ചെടികളും നശിപ്പിച്ചു. മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന പണവും സ്വര്‍ണവും പിടിച്ചെടുക്കുകയായിരുന്നുവെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിങ് മെക്കാനിസം നോഡല്‍ ഓഫീസറും സീനിയര്‍ ഫിനാന്‍സ് ഓഫീസറുമായ എന്‍.സന്തോഷ്‌കുമാര്‍ പറഞ്ഞു. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ ആകെ 48 ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് നിരീക്ഷണത്തിനുള്ളത്. ആറ് അംഗങ്ങള്‍ വീതമുള്ള മൂന്ന് സംഘങ്ങളെയാണ് ഓരോ മണ്ഡലത്തിലും നിയോഗിച്ചിരിക്കുന്നത്. 48 സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് സ്‌ക്വാഡും 16 മണ്ഡലങ്ങളിലായുണ്ട്. ഈ സ്‌ക്വാഡിലും ഓരോ മണ്ഡലങ്ങളിലും ആറു വീതം അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ മേഖലയിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.