പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന

ജില്ലയിൽ 45 വയസ്സിനു മേൽ പ്രായം ഉള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നാളെ ( ഏപ്രിൽ 1) മുതൽ.

മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ അറിയിച്ചു. ഇതിനോടൊപ്പം നിരീക്ഷണത്തിൽ ആകുന്നവരുടെ എണ്ണവും കൂടി വരികയാണ്. ജില്ലയിൽ 2 നു താഴെ വരെ ആയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 5 ന് മുകളിലേക്ക് എത്തുന്ന സാഹചര്യം ആണ്. 

കോവിഡിന്റെ രണ്ടാം വരവ് കൂടുതൽ രൂക്ഷവും, അപകട സാധ്യതകൾ വർദ്ധിപ്പിക്കുന്നതും ആയിരിക്കും എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരണ നിരക്കും കൂടാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ല. കോവിഡ് പ്രതിരോധത്തിന്റെ ബാല പാ0ങ്ങൾ ആയ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ശരിയാം വിധം ധരിക്കൽ, കൈകൾ സാനിറ്റൈസ് ചെയ്യൽ തുടങ്ങിയവ ക്രിത്യമായി പാലിക്കേണ്ടതാണ്. ഇതോടൊപ്പം പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും വേണം.

ജില്ലയിൽ 45 വയസ്സിനു മേൽ പ്രായം ഉള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നാളെ ( ഏപ്രിൽ 1) മുതൽ.

 

ജില്ലയിലെ എല്ലാ സർക്കാർ ആസ്പത്രികൾ മുഖാന്തിരവും, തെരെഞ്ഞെടുത്ത സ്വകാര്യ ആസ്പത്രികൾ വഴിയും 45 വയസ്സിനു മേൽ പ്രായം ഉള്ള എല്ലാവർക്കും നാളെ മുതൽ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഡി എം ഒ അറിയിച്ചു. ഇത് കൂടാതെ കുത്തിവെപ്പ് നൽകുന്നതിനുള്ള മെഗാ ക്യാമ്പുകളും ഉണ്ടായിരിക്കും. നേരത്തെ ഇതര രോഗങ്ങൾ ഉള്ള 45 വയസ്സിനു മേൽ പ്രായം ഉള്ളവർക്ക് മാത്രം ആണ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ നാളെ മുതൽ 45 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാവും. ഇതിനായി www.cowin.gov.in എന്ന വെബ് പോർട്ടലിൽ സ്വയം റജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് കേന്ദ്രവും സമയവും തെരെഞ്ഞെടുക്കാം. സ്വയം റജിസ്റ്റർ ചെയ്യാൻ പറ്റാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാം. മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കുത്തിവെപ്പ് കേന്ദ്രങ്ങളിൽ സ്പോട്ട് റജിസ്റ്റ്രേഷന് ഉള്ള സൌകര്യവും ഉണ്ടായിരിക്കും. 45 വയസിനു മേൽ പ്രായം ഉള്ള എല്ലാവരും കുത്തിവെപ്പ് എടുത്ത് സുരക്ഷിതർ ആവണമെന്നു ഡി എം ഒ അഭ്യർഥിച്ചു.

 

തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സ്ഥാനാർഥികളും പ്രവർത്തകരും കൂടുതൽ ജാഗ്രത പാലിക്കണം.

 

• കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തെരെഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാനാർഥികളും പ്രവർത്തകരും കൂടുതൽ ശ്രദ്ധ പുലർത്തണം.

• പ്രചാരണ സമയങ്ങളിൽ വീടുകൾ സന്ദർശനത്തിന് സ്ഥാനാർഥി അടക്കം 5 പേർ മാത്രമെ പാടുള്ളൂ. വീടുകൾക്ക് അകത്തേക്ക് പ്രവേശിക്കരുത്.

• മാസ്ക്, ശാരീരിക അകലം എന്നിവ ശരിയായി പാലിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കാൻ പാടില്ല.

• കൈകൾ ഇടയ്ക്കിടെ സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം.

• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പ്രചരണത്തിൽ ഏർപ്പെടാൻ പാടില്ല.

• ജാഥകൾ, പൊതുയോഗങ്ങൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ. ശാരീരിക അകലം പാലിക്കുന്നതിനായി മൈതാനങ്ങളിൽ അടയാളങ്ങൾ ഇടണം.

• തുറസായ മൈതാനങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിൽ മാത്രമേ പൊതുപരിപാടികൾ നടത്താവൂ.

• ഉപയോഗിക്കുന്ന മൈക്ക് ഇടവേളകളിൽ ശുചിയാക്കണം.

• ഹസ്തദാനം, കെട്ടിപ്പിടിക്കൽ തുടങ്ങിയവ ഒഴിവാക്കണം.

• വയോധികർ, ഗർഭിണികൾ, കോവിഡ് പോസിറ്റീവ് ആയവർ തുടങ്ങിയവർ ഉള്ള വീടുകളിൽ പോകുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യം ആണ്.

• 45 വയസിനു മേൽ പ്രായം ഉള്ള എല്ലാവരും കുത്തിവെപ്പ് എടുത്തു എന്നുറപ്പ് വരുത്തുക.

 

തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോവിഡ് മുൻകരുതലുകൾ പാലിക്കണം.

 

• ശാരീരിക അകലം , മാസ്ക് ധരിക്കൽ എന്നിവ ശരിയായി പാലിക്കുക.

• കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക.

• ഹസ്ത ദാനം പോലുള്ള ചടങ്ങുകൾ ഒഴിവാക്കുക.

• പേപ്പറുകൾ, രേഖകൾ മുതലായവ കൈമാറി കഴിഞ്ഞാൽ കൈകൾ ശുചിയാക്കുക.

• ഓഫീസ് വാതിലുകൾ, ജനലുകൾ പൂർണമായും തുറന്നിടുക, എ,സി ഒഴിവാക്കുക.

• തെരെഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ടവർ കുത്തിവെപ്പ് എടുത്തു എന്ന് ഉറപ്പുവരുത്തുക.