ആവേശമായി ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ

തിരൂര്‍: തിരൂരില്‍ ആവേശംവിതറി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണ് ആശാന്‍പടിയില്‍നിന്നും ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ ആരംഭിച്ചത്.

നിരവധിപേരാണ് ആവേശത്തോടെ റോഡ് ഷോയില്‍ പങ്കാളികളായത്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ യുവാക്കള്‍ റോഡ് ഷോയില്‍ അണിനിരന്നതു എല്‍.ഡി.എഫിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ വെട്ടം, തലക്കാട്, തിരുന്നാവായ പഞ്ചായത്തുകളിലെ വീടുകള്‍ സന്ദര്‍ശിച്ചും കുടുംബയോഗങ്ങളില്‍ പങ്കെടുത്തുമാണ് പ്രചരണം ആരംഭിച്ചത്.

അതോടൊപ്പം മേഖലയിലെ ചില കല്യാണ വീടുകളും സന്ദര്‍ശിച്ചു. കുടുംബയോഗങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇടപെടലുകളെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ അഭിനന്ദിച്ചു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാറിന്റെ കൂടുതല്‍ വലിയ പദ്ധതികള്‍ മണ്ഡലത്തിക്കാന്‍ തന്നെ വിജയിപ്പിക്കണമെന്നും ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഓരോന്നും ചോദിച്ചറിയുകയും ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പുനല്‍കിയുമാണ് സ്ഥാനാര്‍ഥി തിരിച്ചുപോന്നത്. റോഡ് ഷോ ആശാന്‍പടി, വാക്കാട്, വേളാപുരം, ടി.ആര്‍. ബീച്ച്, പള്ളിപറമ്പ്, പറവണ്ണ, മുറിവഴിക്കല്‍, പച്ചാട്ടിരി, പരിയാപുരം, ആലിശ്ശേരി, പൂക്കൈത്ത, മാങ്ങാട്ടിരി, താഴേപ്പാലം, പെരുവഴിഅമ്പലം, ചെമ്പ്ര, പയ്യനങ്ങാടി, ബസ്റ്റാന്റ്, ഏഴൂര്‍, പുല്ലൂര്‍വഴി എന്നിവിടങ്ങളിലെ സ്വകരണത്തിന് ശേഷം മൂന്നുപീടികയില്‍ സമാപിച്ചു.