മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ മൂന്ന് സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് (ഏപ്രില്‍ ഒന്ന്) തുടക്കമാകും. ഫെഡറല്‍ ബാങ്ക് അവരുടെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി അനുവദിച്ച മൂന്ന് വാഹനങ്ങളാണ് മൊബൈല്‍ വാക്‌സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്. കലക്ടറേറ്റ് പരിസരത്ത് ഇന്ന് (ഏപ്രില്‍ ഒന്ന്) രാവിലെ 10ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ‘നാളെയുടെ സുരക്ഷക്കായി നാടിന്റ രക്ഷയ്ക്കായി’ എന്ന സന്ദേശവുമായാണ് ഫെഡറല്‍ ബാങ്ക് വാക്സിനേഷന്‍ മൊബൈല്‍ യൂനിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ വാഹനത്തിലും ഡോക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും, അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ സ്ഥലത്തും കുത്തിവെപ്പ് വാഹനം എത്തുകയും അവിടെ നിന്നും കുത്തിവെപ്പ് നല്‍കുകയും ചെയ്യും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്‌പോട്ട് റജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്കും മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകളില്‍ നിന്ന് കുത്തിവെപ്പ് എടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനു www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയിലെ 45 വയസ് കഴിഞ്ഞ വ്യാപാരികള്‍, വ്യവസായികള്‍, ഡ്രൈവര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ 45 വയസ് കഴിഞ്ഞ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഈ മൊബൈല്‍ യൂണിറ്റ് വഴി കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യം ഒരുക്കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.