മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സി അബ്ദുൽസലാം ഇടതുപക്ഷത്തോടൊപ്പം ചേർന്നു

താനൂർ: ചെറിയമുണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റും, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്ദുൽസലാം ലീഗ് വിട്ടു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സി അബ്ദുൽസലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി മുസ്ലിംലീഗിൽ പ്രവർത്തിക്കുന്ന അബ്ദുൽസലാം രണ്ടുതവണ ജനപ്രതിനിധിയായിരുന്നു. 2015 മുതൽ 2019 വരെ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

താനൂർ നിയോജക മണ്ഡലം എംഎൽഎ വി അബ്ദുറഹിമാന്റെ വികസനപ്രവർത്തനങ്ങളോട് ഏറെ താൽപര്യം കാണിച്ചതിനാൽ മുസ്‌ലിംലീഗിനകത്തു നിന്നും പലതവണ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പാർട്ടി പരിപാടികളിൽ നിന്നും തന്നെ മാറ്റിനിർത്തി അവഗണിച്ചതോടെയാണ് താൻ ലീഗ് വിട്ടതെന്നും, ഇടതുപക്ഷ സഹയാത്രികനായി രാഷ്ട്രീയജീവിതം തുടരുമെന്നും സി അബ്ദുൽസലാം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ചെറിയമുണ്ടം പഞ്ചായത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ വി അബ്ദുറഹിമാന് കഴിഞ്ഞു. മണ്ഡലത്തിലെ ശ്രദ്ധേയ പദ്ധതിയായ താനൂർ സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി ഭൂമി കൈമാറിയത് താനായിരുന്നെന്നും, മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്ന മുസ്ലീംലീഗ് പ്രചാരണം തീർത്തും തെറ്റാണെന്നും സി അബ്ദുൽസലാം പറഞ്ഞു.

15 വർഷത്തിലേറെയായി പ്രദേശവാസികൾ ആവശ്യപ്പെടുന്ന പനമ്പാലം, ചെറിയമുണ്ടം ഐടിഐക്ക് സ്വന്തം കെട്ടിടം, ചെറിയമുണ്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ നവീകരണം, ചെറിയമുണ്ടം സ്റ്റേഡിയം, കൊട്ടിലത്തറ പാലം, റോഡുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതിന് താൻ എംഎൽഎക്ക് വലിയ പിന്തുണ നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ചെറിയമുണ്ടത്തെ വികസനം ബോർഡുകളിൽ മാത്രമായിരുന്നു. താനൂർ നിയോജക മണ്ഡലത്തിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകാൻ വി അബ്ദുറഹ്മാൻ വീണ്ടും വിജയിക്കണമെന്നും സി അബ്ദുൽ സലാം പറഞ്ഞു.

ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഏകപക്ഷീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിൽ പ്രദേശത്തെ സാധാരണ പ്രവർത്തകർക്ക് കടുത്ത അമർഷം ഉള്ളതായും സി അബ്ദുൽ സലാം കൂട്ടിച്ചേർത്തു.