ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാര്‍ അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നു. ഡിഎസ്‌ജെപി (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) നേതാക്കള്‍ തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായി അനന്യ ട്വന്റിഫോറിനോട് പറഞ്ഞു. കള്ള പണം വെളുപ്പിക്കാനുള്ള തന്ത്രമാണ് പാര്‍ട്ടിയുടെതെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് വേങ്ങര മണ്ഡലം തെരഞ്ഞെടുത്തതെന്നും അനന്യ കുമാര്‍ അലക്‌സ്.

പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും ഡിഎസ്‌ജെപി പാര്‍ട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും അവര്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്ക് എതിരെയും സര്‍ക്കാരിന് എതിരെയും മോശമായി സംസാരിക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാത്തത് വൈരാഗ്യത്തിന് കാരണമായി.

മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിച്ചു. അതും വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും ആരും തന്റെ പേരില്‍ ഡിഎസ്‌ജെപി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ പറഞ്ഞു.

ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അനന്യ കുമാരി അലക്‌സ് വേങ്ങര മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനന്യ വേങ്ങര കേന്ദ്രീകരിച്ച് പ്രചാരണം നടത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അനന്യ പ്രചാരണം അവസാനിപ്പിച്ച് കൊച്ചിയിലേക്ക് മടങ്ങിയത്.