വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച്ച താനൂർ നഗരത്തിലായിരുന്നു പര്യടനം

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച താനൂർ നഗരത്തിലായിരുന്നു പര്യടനം നടത്തിയത്.

വേനൽ ചൂടിനെയും അവഗണിച്ച് താനൂർ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ അഞ്ചു വർഷത്തെ വികസനം മാത്രമാണ് എല്ലാവർക്കും പറയാനുണ്ടായിരുന്നത്. ഇത്തവണയും ഉറപ്പാണ് എന്നാണ് സ്ഥാനാർഥിയോട് വോട്ടർമാർ പറഞ്ഞത്. ബസ് സ്റ്റാൻഡിൽ വച്ച് ബസ്സിൽ കയറി ഓരോ വോട്ടറോടും കുശലാന്വേഷണങ്ങളും പറഞ്ഞ് വോട്ടും ചോദിച്ചാണ് ഇറങ്ങിയത്.

കാട്ടിലങ്ങാടി സ്വദേശി നടുവിൽ നാലകത്ത് കുഞ്ഞാവ തന്റെ വിഷമം സ്ഥാനാർഥിയോട് പറഞ്ഞു. തന്റെ രണ്ട് പേരമക്കൾ ഭിന്നശേഷിക്കാർ ആണെന്നും, അവർക്കായി ഒരു സ്ഥാപനം ആരംഭിക്കണമെന്നുമായിരുന്നു കുഞ്ഞാവയുടെ ആവശ്യം. ഭിന്നശേഷി കുട്ടികൾക്ക് ബഡ്സ് സ്കൂൾ സ്ഥാപിക്കാനായി മാസ്റ്റർപ്ലാൻ തയ്യാറായെന്നും, സ്ഥലം കിട്ടിയാലുടൻ പദ്ധതി ആരംഭിക്കുമെന്നും വി അബ്ദുറഹ്മാൻ മറുപടി നൽകി. പറഞ്ഞ വാക്ക് സ്ഥാനാർത്ഥി പാലിക്കുമെന്ന് തനിക്ക് പൂർണ ഉറപ്പുണ്ടെന്ന് കുഞ്ഞാവ പറഞ്ഞു.

ഉച്ചക്ക് ജുമുഅ നമസ്കാരത്തിനുശേഷം വീണ്ടും കുടുംബ യോഗങ്ങളിലേക്ക്. വൈകിട്ട് നാലരയോടെ ചെള്ളിക്കാട്, ഊട്ടി കോളനി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

വൈകിട്ട് റോഡ് ഷോയും നടന്നു. ഒട്ടുംപുറത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ഉണ്ണിയാൽ വഴി പുത്തൻതെരുവിൽ സമാപിച്ചു.