കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം

രാജ്യവ്യാപക ലോക്ഡൗൺ ഇല്ല. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് പ്രതിദിന കേസുകൾ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കജനകമെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജനിതക മാറ്റം വന്ന വൈറസ് വ്യാപനമാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് എയിംസ് ഡയറക്ടർ രൻദീപ് ഗുലേറിയ പറഞ്ഞു. സിറ്റി സ്ക്കാൻ ന്യൂസ് ജാഗ്രത കൈവിട്ടാൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര തന്നെയാണ് പ്രതിദിന കേസുകളിൽ ഒന്നാമത്. 47,827 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.