ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

ഭർത്താവുമൊന്നിച്ച് കഴിയുന്ന പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് വിളിച്ചു വരുത്തിയാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്.

കൊച്ചി: ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊച്ചി വെങ്ങോല എൺപതാം കോളനിയിൽ താമസക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് ബംഗാൾ സ്വദേശികളായ നാല് പേർ അറസ്റ്റിലായിരിക്കുന്നത്.

സലിം മണ്ഡല്‍ (30), മുഗളിന്‍ അന്‍സാരി (28), മുനീറുല്‍ (മോനി) (20), ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമൊന്നിച്ച് കഴിയുന്ന പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് വിളിച്ചു വരുത്തിയാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്.

ഇക്കഴി‍ഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. യുവതിയോട് അടുപ്പം സ്ഥാപിച്ച പ്രതികൾ, ഭർത്താവ് ജോലിക്ക് പോയ സമയത്ത് ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യവുമായി  ഇവരെ സമീപിച്ചു. ഇതിനായി മുറിയിലെത്തിയ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഭർത്താവുമൊന്നിച്ച്  വാടകവീട്ടിൽ കഴിഞ്ഞു വരികയാണ് യുവതി. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ബിരിയാണി ഉണ്ടാക്കുന്നതിനായി പ്രതികൾ അവരെ മുറിയിലേക്ക് വിളിച്ചത്.

പരസ്പരം അറിയുന്ന ആളുകൾ ആയതിനാൽ തന്നെ ഇവരുടെ ഉദ്ദേശ്യത്തിൽ യുവതിക്ക് സംശയവും ഉണ്ടായില്ല. അതുകൊണ്ട് തന്നെയാണ് ആവശ്യം മാനിച്ച് ബിരിയാണി ഉണ്ടാക്കി നൽകുന്നതിനായി ഇവരുടെ മുറിയിലെത്തിയത്. ഇവിടെ വച്ച് പ്രതികൾ ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തനിക്ക് നേരിട്ട ദുരനുഭവം യുവതി ഭർത്താവിനെ അറിയിച്ചു. ഇയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ‘സംസ്ഥാനത്ത് നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ റൂറൽ എസ്പി കെ.കാർത്തിക്കിന് ലഭിച്ച വിവരം അനുസരിച്ചാണ് പ്രതികൾ കുടുങ്ങുന്നത്.

ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡി.വൈ. എസ്.പി ജയരാജ്, സി.ഐ രാഹുല്‍ രവീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.