അവസാന ഓട്ടപ്പാച്ചിലില്‍ മാറ്റം ആഗ്രഹിച്ച് വോട്ടര്‍മാര്‍  ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍

തിരൂര്‍: മാറ്റം ആഗ്രഹിച്ച് തിരൂരിലെ വോട്ടര്‍മാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി. തിരൂരില്‍ പണി പൂര്‍ത്തിയാകാതെ നില്‍ക്കുന്ന മൂന്നുപാലങ്ങളും, മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം ആവശ്യപ്പെട്ടാണ് ഇന്നലെ പ്രചരണത്തിനിടെ ഒരുകൂട്ടംനാട്ടുകാര്‍ സ്ഥാനാര്‍ഥിക്കു മുന്നിലെത്തിയത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും തന്നെ വിജയിപ്പിച്ചാല്‍ തിരൂരിനെ വികസനക്കുതിപ്പിലേക്കുയര്‍ത്തുമെന്നും ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു. കഴിഞ്ഞ തവണ പലപദ്ധതികളും പൂര്‍ത്തീകരിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായംകിട്ടിയില്ലെന്ന് പറഞ്ഞാണു യു.ഡി.എഫ് എം.എല്‍.എ ഒഴിഞ്ഞുമാറിയത്.

എന്നാല്‍ മലപ്പുറത്തെ തന്നെ മുസ്ലിംലീഗ് എം.എല്‍.എമാരുള്ള മറ്റുമണ്ഡലങ്ങളായ തിരൂരങ്ങാടി, ഏറനാട് മണ്ഡലങ്ങളില്‍ വമ്പന്‍പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇവര്‍ക്ക് മാത്രം എങ്ങിനെയാണ് യു.ഡി.എഫ് എം.എല്‍.എയായിട്ടും സഹായം ലഭ്യമായത്. എം.എല്‍.എയുടെ അനാസ്ഥ സംസ്ഥാന സര്‍ക്കാറിന്റെമേല്‍ചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ്. നടന്നത്.

ഒരുകാര്യത്തിനും ഒഴിവുകഴിവ് പറഞ്ഞ് താന്‍ മാറിനില്‍ക്കില്ലെന്നും നടപ്പാക്കുന്ന പദ്ധതികളിലൂടെ എല്ലാത്തിനും മറുപടി പറയാനാണ് തനിക്ക് ആഗ്രഹമെന്നും ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു.

ഇന്നലെ രാവിലെ തിരൂര്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണു തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് മേഖലയിലെ വിവിധ വീടുകള്‍ കയറി പ്രചരണം നടത്തി. ശേഷം ഒമ്പതുമണിയോടെ കൊടക്കല്‍ സി.എസ്.ഐ ചര്‍ച്ചില്‍പോയി വോട്ടഭ്യര്‍ഥിച്ചു.

ശേഷം വിവിധ കല്യാണ വീടുകള്‍ സന്ദര്‍ശിച്ചു. ശേഷം പത്രസമ്മേളനം നടത്തി. വൈകിട്ടു തിരൂര്‍ ടൗണ്‍കേന്ദ്രീകരിച്ച് പ്രചരണം നടത്തി. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റും മേഖലയിലെ വിവിധ കടകളും കയറി.