അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കും; വിധി എഴുതാൻ മണിക്കൂറുകൾ മാത്രം.

കോഴിക്കോട്:അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കുമെന്നതിന് വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. പരസ്യപ്രചാരണത്തിന് ഇന്നലെ വൈകീട്ടോടെ കൊടിയിറങ്ങിയെങ്കിലും അവസാന മണിക്കൂറുകളിലും ഓരോ വോട്ടും ഉറപ്പിക്കുന്ന തിരിക്കിലാണ് സ്ഥാനാർഥികളും മുന്നണികളും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇന്നും മുന്നണി നേതാക്കൾ രംഗത്തെത്തി. മഞ്ചേശ്വരത്ത് എൽഡിഎഫിന്റെ പിന്തുണ തേടിയുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അവസാന ദിനത്തിലെ പ്രധാന ചർച്ചാ വിഷയമായി. ബിജെപി ഇതേറ്റെടുക്കുകയും ചെയ്തു. മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാകുമെന്ന് പറഞ്ഞ് മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടി രംഗത്തെത്തിയതോടെ വിവാദത്തിന് തത്കാലം ശമനം വന്നു. വിഷയത്തിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയെ തള്ളി പറഞ്ഞു.

 

സ്ഥാനാർഥി ഇല്ലാതായ തലശ്ശേരിയിൽ ബിജെപി ആർക്ക് വോട്ട് ചെയ്യുമെന്നതിനുള്ള ആശയക്കുഴപ്പം ഇതുവരെ പരിഹക്കാനായില്ല. മനഃസാക്ഷി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനം കേന്ദ്ര മന്ത്രി വി.മുരളീധരൻ തള്ളി. നേരത്തെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതിനനുസൃതമായി സി.ഒ.ടി.നസീറിന് തന്നെ വോട്ട് ചെയ്യാനാണ് തീരുമാനമെന്ന് മുരളീധരൻ പറഞ്ഞു. ബിജെപിയുടെ പിന്തുണ വേണ്ടെന്ന നസീർ വ്യക്തമാക്കിയിരുന്നു.

എൽഡിഎഫ് ക്യാമ്പ് പൊതുവേ ശാന്തമായിരുന്നു. അതേ സമയം വിവിധ മണ്ഡലങ്ങളിൽ പോസ്റ്റർ ആരോപണങ്ങളും മറ്റും ഉയർന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് തലവെട്ടിമാറ്റിയതടക്കമുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഉയർന്നത്.

 

ഇതിനിടെ വോട്ടെടുപ്പിനുള്ള സാമഗ്രികൾ ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച് വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിലേക്ക് എത്തിച്ചുതുടങ്ങി.

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ അതത് വിതരണകേന്ദ്രങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതലാണ് വിതരണം ചെയ്തു തുടങ്ങിയത്.

 

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

 

പ്രശ്ന ബാധിത ബൂത്തുകളിൽ കർശന സുരക്ഷായാണ് ഏർപ്പാടാക്കുക.കേരളപോലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലീസ് മേധാവിമാർ നേതൃത്വം വഹിക്കും. പോലീസിന്റെ വിവിധ പട്രോൾ സംഘങ്ങൾക്കുപുറമേ, നക്സൽബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.