ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, മദ്യം കണ്ടതോടെ കണ്‍ട്രോള്‍ പോയി, അടിച്ച് പൂസായതോടെ കൈയോടെ പൊക്കി പൊലീസ്

നിലമ്പൂര്‍: ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തിയ മോഷ്ടാവ് മദ്യം കണ്ടതോടെ നിയന്ത്രണം പോയി. പിന്നീട് മദ്യപിച്ച് നിയന്ത്രണം തെറ്റി ബോധരഹിതനായി. മോഷണ മുതലുമായി നേരം പുലരുവോളം ഉറങ്ങിയതോടെ പൊലീസ് കൈയോടെ പൊക്കി. 

നിലമ്പൂര്‍ മുമ്മുള്ളി കുട്ടിച്ചാത്തന്‍ കാവിലാണ് സംഭവം. വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മല്‍ ആബിദ് (35) നെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തില്‍ വിളക്ക് വെക്കാന്‍ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലനാണ് കിണറിനടുത്ത് ഓഫീസിന് സമീപം ബോധരഹിതനായി ഒരാള്‍ കിടക്കുന്നത് കണ്ടത്. സമീപത്ത് ഒരു കവറില്‍ ചില്ലറ നാണയങ്ങളുമുണ്ടായിരുന്നു.

 

തുടര്‍ന്ന് ഇവര്‍ സമീപവാസികളെ വിളിച്ച് നടത്തിയ പരിശോധനയില്‍ നാല് ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന നിലയില്‍ കാണുകയായിരുന്നു. ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഉടന്‍ നിലമ്പൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി ആബിദിനെ കസ്റ്റഡിയിലെടുത്തു.