മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി.

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് കൊലപാതകം നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹ്‌സിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

 

ഈ ദിവസം നിങ്ങൾ കാലാകാലം ഓർത്തിരിക്കുമെന്നാണ് അവർ നൽകിയ മുന്നറിയിപ്പ്. ഇതനുസരിച്ച് പ്ലാൻ ചെയ്താണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രക്തം വാർന്നാണ് മൻസൂർ മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. സിപിഐഎം പ്രവർത്തകർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.