തന്റെ കൺമുൻപിൽ വെച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ്.

കണ്ണൂർ: ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ. മകൻ സജീവ രാഷ്ട്രീയപ്രവർത്തകനല്ല. തന്റെ കണ്മുന്നിൽവെച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറിൽ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ സിറ്റി സ്ക്കാൻ ന്യൂസിനോട് പറഞ്ഞു.

അതിനിടെ, പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ ഉപയോഗിച്ച നാല് ബൈക്കുകളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.

 

കഴിഞ്ഞദിവസം പോളിങ് ബൂത്തിൽ ഓപ്പൺ വോട്ട് സംബന്ധിച്ചുണ്ടായ തർക്കമാണ് മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിന്റെ കൊലപാതകത്തിൽ കലാശിച്ചത്. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലെ ഓപ്പൺ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളിൽ എത്തിച്ചത് സംബന്ധിച്ച് ബൂത്തിന് സമീപം സി.പി.എം-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് സിപിഎം പ്രവർത്തകൻ വാട്സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്. രാത്രി സുഹൈൽ എന്ന സിപിഎം പ്രവർത്തകന്റെ നേതൃത്വത്തിലാണ് ഇരുപതോളം പേരടങ്ങുന്ന സംഘം മുഹ്സിനെ തിരഞ്ഞെത്തിയത്. തുടർന്ന് ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലുണ്ടായിരുന്ന മൻസൂറിനെ ആക്രമിക്കുകയായിരുന്നു. സഹോദരൻ മുഹ്സിനും വെട്ടേറ്റു. ബോംബേറിലും ആക്രമണത്തിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായാണ് ലീഗിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെയും മുഹ്സിനെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മൻസൂർ മരിച്ചു.