റീട്ടെയില്‍ മാര്‍ട്ട് ഉടമ തിരൂര്‍ സ്വദേശി പി ടി മുഹമ്മദ് അസ്‌ലം ഖത്തറിൽ നിര്യാതനായി

മലപ്പുറം: ഖത്തറിലെ റീട്ടെയില്‍ മാര്‍ട്ട്, ന്യൂ ഇന്ത്യന്‍ സൂപര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടറും തിരൂര്‍ സ്വദേശിയുമായ പി ടി മുഹമ്മദ് അസ് ലം(55) അന്തരിച്ചു. ദീര്‍ഘ നാളായി അര്‍ബുദ ചികില്‍സയിലായിരുന്നു. ബുധനാഴ്ച്ച വൈകീട്ടാണ് മരണം. തിരൂരിനു സമീപം തലക്കടത്തൂര്‍ പരേതനായ പി ടി സൈതാലി ഹാജിയുടെ മകനാണ്.

ഖത്തറില്‍ ഹൈപര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും പ്രചാരത്തിലാവുന്നതിന് മുമ്പ് തന്നെ സൈതാലി ഹാജിയും സഹോദരങ്ങളും ചേര്‍ന്ന് സ്ഥാപിച്ചതാണ് ന്യൂ ഇന്ത്യന്‍ സൂപര്‍ മാര്‍ക്കറ്റ്. ഖത്തര്‍ മലയാളികളുടെ പ്രധാന ഷോപ്പിങ് കേന്ദ്രമാണിത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ റീട്ടെയില്‍ മാര്‍ട്ടിനു ശാഖകളുണ്ട്. അല്‍ അന്‍സാരി ആന്റ് പാര്‍ട്‌ണേഴ്‌സ്, അരോമ ഇന്റര്‍നാഷണല്‍ എന്നീ സംരഭങ്ങളിലും അസ് ലമിനു പങ്കാളിത്തമുണ്ട്. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യ: സമീന. മക്കള്‍: റാസിം അഹമ്മദ്, ആയിഷ റിസ.