ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അനാസ്ഥ പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം ജില്ലയില്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ അതി ജാഗ്രതയാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും പാലിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കുന്നതിലും അനാസ്ഥ പാടില്ല. കോവിഡ് രണ്ടാം തരംഗത്തില്‍ വൈറസ് ബാധയും മരണ നിരക്കും വര്‍ധിക്കാനുള്ള സാഹചര്യമാണുള്ളത്. കോവിഡ് ബാധ ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നത് 45 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ്. ഇത് മുന്‍നിര്‍ത്തി 45 വയസിനു മുകളില്‍ പ്രായമുള്ളവരെല്ലാവരും നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പെടുക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം മെഗാ ക്യാമ്പുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നു. മൊബൈല്‍ വാക്‌സിനേഷന്‍ സംവിധാനങ്ങളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സീന്‍ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകില്ലെന്നും ഇതു സംബന്ധിച്ച കുപ്രചരണങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.