കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡിൽ നാല് പേര്‍ അറസ്റ്റില്‍; ലഹരിമരുന്ന് പിടികൂടി

ഡിസ്കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ,ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലയത്

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ നാലു പേർ അറസ്റ്റിലായി. ഡിസ്കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ,ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലയത്. ഇവരിൽ നിന്ന് കഞ്ചാവ് എം. ഡി. എം. എ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. എം ഡി എം ഐ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

 

 

ശനിയാഴ്ച രാത്രി 11.40-ഓടെയാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. രഹസ്യമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊച്ചി നഗരത്തിലെ നാല് ഹോട്ടലുകളിലും ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ഹോട്ടലിലുമായാണ് പരിശോധന നടന്നത്. കൈവശം ലഹരിമരുന്ന് ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. നിശാ പാർട്ടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധന പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്.

 

 

.ചക്കരപ്പറമ്പിലെ ഹോളി ഡേ ഇന്നിൽ മുന്നൂറിലധികം യുവതീ യുവാക്കളാണ് ഡി. ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇവിടെ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മിന്നല്‍ റെയ്ഡ് നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള റേവ് പാര്‍ട്ടികള്‍ നടക്കുന്നുവെന്ന രഹസ്യവിവരം ഉണ്ടായിരുന്നു. വാരാന്ത്യത്തില്‍ രാത്രി തുടങ്ങി പുലര്‍ച്ചെവരെ നീളുന്ന നിശാ പാര്‍ട്ടികളെക്കുറിച്ചാണ് വിവരം ലഭിച്ചിരുന്നത്. അഞ്ച് ഹോട്ടലുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

നാലു ഹോട്ടലുകളിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെന്നാണ് വിവരം. അതേസമയം പാലാരിവട്ടം ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടിയതായി റിപ്പോർട്ടുണ്ട്. മുറികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് എം ഡി എം എ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവ പിടികൂടിയത്. കസ്റ്റംസ് ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗാണ് ഒളിപ്പിച്ചുവെച്ച ലഹരിമരുന്ന് മണത്തു കണ്ടുപിടിച്ചത്.

നേരത്തെ വാഗമണ്ണില്‍ നിശാ പാര്‍ട്ടിയുടെ മറവില്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ആ സംഭവത്തിനു ശേഷമുള്ള ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് കഴിഞ്ഞ രാത്രി കൊച്ചിയിൽ നടന്നത്.

 

 

വാഗമണിൽ നിശാ പാര്‍ട്ടിയുടെ മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ലഹരി വസ്തുക്കള്‍ കൊണ്ടു വന്നിരുന്നത് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശിയായ അജ്മല്‍ മൊഴി നല്‍കിയിരുന്നു.

കൂടുതല്‍ പ്രതികളെ കണ്ടെത്തണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കട്ടപ്പന ഡി വൈ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

 

 

സി പി ഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടിലാണ് ബര്‍ത്ത് ഡേ ആഘോഷത്തിന്റെ മറവില്‍ ലഹരിമരുന്ന് വിതരണം ചെയ്തു കൊണ്ടുള്ള പാര്‍ട്ടി സംഘടിപ്പിച്ചത്. എന്നാല്‍, ഇയാൾക്ക് എതിരെ കേസ് എടുക്കാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.