മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് പി.എം.എ സലാം.

യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. അഥവാ എന്തെങ്കിലും കാരണവശാല്‍ തുടര്‍ ഭരണം ഉണ്ടായാലും ലീഗ് നയങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

മലപ്പുറം: ഇക്കുറി മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് മുസ്‍ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തവണ പരാജയപ്പെട്ട താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ച് പിടിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം പറഞ്ഞു. ഭരണം കിട്ടിയില്ലെങ്കിലും ലീഗ് യു.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും എന്നാൽ ഭരണം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. അഥവാ എന്തെങ്കിലും കാരണവശാല്‍ തുടര്‍ ഭരണം ഉണ്ടായാലും ലീഗ് നയങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും പി.എം.എ സലാം പറഞ്ഞു. തെരഞ്ഞെടുപ്പോടെ മുസ്‍ലിം ലീഗിന് യു.ഡി.എഫ് വിടേണ്ടിവരുമെന്ന സി.പി.എം നേതാവ്​ ഇ.പി ജയരാജന്‍റെ പ്രസ്​താവനയെ സലാം തള്ളി. കേരളത്തില്‍ പ്രാമുഖ്യം നഷ്​ടപ്പെടുന്നുവെന്നും ലീഗിനെ പോലൊരു പാര്‍ട്ടിയെ കൂടാതെ സി.പി.എമ്മിന് നിലനില്‍പ്പില്ലെന്നും മനസ്സിലാക്കിയാണ് മന്ത്രി ഇ.പി ജയരാജന്‍റെ ക്ഷണം. ആ ക്ഷണം വൃഥാവിലാണ്. ലീഗിനെ സംബന്ധിച്ച് വ്യക്തമായ അഭിപ്രായവും നിലപാടുമുണ്ടെന്നും സലാം പറഞ്ഞു.

 

മഞ്ചേശ്വരത്തും കാസർകകോടും ലീഗ് വിജയിക്കുക തന്നെ ചെയ്യും. സിപിഎം – ബിജെപി അന്തര്‍ധാര ഉണ്ടെങ്കിലും മഞ്ചേശ്വരത്ത് തോല്‍ക്കുമെന്ന ഭയമില്ല. വോട്ടെണ്ണി കഴിയുന്നത്​ വരെ പലപ്പോഴും കാസർകോടും മഞ്ചേശ്വരത്തും ലീഗിനെ ഭയപ്പെടുത്താനുള്ള ശ്രമം പല ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോളിങ് കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുകാരണം സി.പി.എം – ബി.ജെ.പി ബാന്ധവത്തില്‍ എതിര്‍പ്പുള്ള മാര്‍ക്സിസ്റ്റുകാര്‍ വോട്ട് ചെയ്യാന്‍ വരാത്തതുകൊണ്ടാണ്. യു.ഡി.എഫിന് 85ന് മുകളില്‍ സീറ്റ് കിട്ടുമെന്നും പി.എം.എ സലാം അവകാശപ്പെട്ടു.