മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു.
കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്റെ മൊഴി എടുത്തു.
ഒരാൾ തൂങ്ങിമരിച്ചതിനെക്കാൾ അസാധാരണത്വം രതീഷിന്‍റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത കോഴിക്കോട് ഫോറൻസിക് വിഭാഗത്തിന്‍റെ കണ്ടെത്തൽ. ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ട്. ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറൻസിക് മേധാവിയുടെ മൊഴിയെടുത്തത്.
നാദാപുരം ഡിവൈഎസ്പി പി.എ ശിവദാസിന്റെ നേതൃത്വത്തിൽ പൊലീസും സൈബർ സെൽ വിദഗ്ധരും ചെക്യാട്ട് സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു ജോസഫ് പ്രദേശവാസികളുടെ മൊഴി എടുത്തു. ഇതിനിടെ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിച്ചു. രതീഷിന്റെ മരണത്തിൽ സംശയമുണ്ടെന്നാണ് കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.